2011, ജൂൺ 25, ശനിയാഴ്‌ച

ക്യാന്‍സര്‍ ചികിത്സ : സംസ്ഥാനത്തെ ആദ്യ ഹോമിയോ ഡിസ്‌പെന്‍സറി




വണ്ടൂര്‍: ഹോമിയോ ഡിസ്‌പെന്‍സറി തലത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്രം വണ്ടൂരില്‍ സ്ഥാപിക്കുന്നു.
കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. വണ്ടൂര്‍ കൂരാട്‌ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി കേന്ദ്രത്തിന്റെ പദവി ഉയര്‍ത്തി കൂടുതല്‍ സംവിധാനങ്ങളൊരുക്കാനാണ്‌ ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്‌. ഇതോടെ ക്യാന്‍സര്‍ ബാധിതരായ നിരവധി പേര്‍ക്ക്‌ ഹോമിയോ ചികിത്സാരീതി അനുഗ്രഹമാകും.

നിലവില്‍ സംസ്ഥാന തലത്തില്‍ ഹോമിയോ കേന്ദ്രത്തിലൂടെ ക്യാന്‍സര്‍ ചികിത്സ നല്‍കുന്ന ഏക സ്ഥാപനമാണ്‌ കൂരാട്‌ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി. നിലവില്‍ വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ `ചേതന` യെന്ന പേരില്‍ ഇവിടെ ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രത്യേകം ചികിത്സ നടന്നുവരുന്നുണ്ട്‌. ഡോ. വിനുകൃഷ്‌ണനാണ്‌ ഇവിടെ രോഗികളെ പരിശോധിക്കുന്നത്‌. വ്യാഴാഴ്‌ചയാണ്‌ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പ്രത്യേക പരിശോധന .മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ്‌ ചികിത്സക്കായി ഇവിടെയെത്താറുള്ളത്‌.

നിലവില്‍ 1031 പേരാണ്‌ ഇവിടെ നിന്നും ചികിത്സ തേടുന്നുണ്ടെന്ന്‌ പദ്ധതിക്ക്‌ നേതൃത്വം നല്‍കുന്ന ഡോ. വിനുകൃഷ്‌ണന്‍ പറഞ്ഞു.സൗജന്യ മരുന്നിനോടൊപ്പമുള്ള ചികിത്സയും, വീടുകളിലെത്തിയുള്ള പരിചരണവുമെല്ലാം രോഗികള്‍ക്ക്‌ സാന്ത്വനമേകുന്ന ചേതന പദ്ധതിക്ക്‌ സംസ്ഥാന സര്‍്‌ക്കാറിന്റെ അംഗീകാരവും കൂടി ലഭിക്കുന്നത്‌ ഈ കേന്ദ്രത്തിന്റെ വളര്‍ച്ചയെ സഹായിക്കും.

വ്യാഴാഴ്‌ചകളില്‍ മാത്രം നടത്തുന്ന ക്യാന്‍സര്‍ രോഗ പ്രതിരോധ ചികിത്സ എല്ലാ ദിവസങ്ങളിലും നടപ്പിലാക്കണമെന്നാണ്‌ പ്രദേശത്തുകാരുടെ ആവശ്യം. നിലവില്‍ കൂരാട്‌ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം സ്ഥല പരിമിതിമൂലം വീര്‍പ്പ്‌ മുട്ടുകയാണ്‌. ചേതന പദ്ധതിക്ക്‌ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുന്നതോടെ പരിമിതികള്‍ മറികടക്കാനാകുമെന്നാണ്‌ പ്രതീക്ഷ. പദ്ധതിയില്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ജില്ലാ കലക്ടര്‍ എംസി മോഹന്‍ദാസിന്റെ തിരിച്ചുവരവും, മന്ത്രിയായ എപി അനില്‍കുമാറിന്റെ പിന്തുണയെല്ലാം ചേതന പദ്ധതിയെ കൂടുതല്‍ പുരോഗതിയിലേക്ക്‌ നയിക്കാനാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

2011, ജൂൺ 16, വ്യാഴാഴ്‌ച

അംഗന്‍വാടികളില്‍ കുട്ടികള്‍ കുറയുന്നു.

ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെയും, പ്രീപ്രൈമറി സ്‌കൂളുകളുടെയും വര്‍ദ്ദനവ്‌:
അംഗന്‍വാടികളില്‍ കുട്ടികള്‍ കുറയുന്നു.



അക്‌ബറലി ചാരങ്കാവ്‌


വണ്ടൂര്‍: ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെയും, പ്രീപ്രൈമറി സ്‌കൂളുകളുടെയും നിര്‍ബാധമായ വ്യാപനത്തെ തുടര്‍ന്ന്‌ സംസ്ഥാനത്തെ അംഗന്‍വാടികളിലും, സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ കുറയുന്നു.

ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെ വ്യാപനത്തെ തുടര്‍ന്ന്‌ അംഗന്‍വാടികളിലേക്ക്‌ കുട്ടികളെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോള്‍.
ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകള്‍ക്ക്‌ പുറമെ നിരവധി സര്‍ക്കാര്‍ എല്‍ പി സ്‌കൂളുകളില്‍ പ്രീപ്രൈമറി ക്ലാസുകള്‍ ആരംഭിച്ചതും അംഗന്‍വാടികളില്‍ കുട്ടികള്‍ കുറയാന്‍ കാരണമായിട്ടുണ്ട്‌.

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളും, സ്‌കൂളുകളുമുള്ള മലപ്പുറം ജില്ലയിലെ 80 ശതമാനം എല്‍ പി സ്‌കൂളുകളിലും നഴ്‌സറി ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്‌.കൂടാതെ മിക്ക എല്‍പി സ്‌കൂളുകള്‍ക്ക്‌ സമീപവും ആധുനിക സൗകര്യങ്ങളോടു കൂടിയ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളും കൂണുപോലെ ഉയര്‍ന്ന്‌ വരികയാണ്‌.

ഒന്നാം ക്ലാസിലേക്ക്‌ നഴ്‌സറി വിദ്യാര്‍ഥികളെ മാറ്റാനാകുമെന്നതിനാല്‍ അണ്‍ ഇക്കണോമിക്‌ സ്‌കൂളുകളാക്കി മാറ്റാതെ വിദ്യാര്‍ഥികളുടെ പ്രവേശനത്തിലൂടെ അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പിക്കുകയെന്ന ലക്ഷ്യവും പ്രീപ്രൈമറി ക്ലാസുകള്‍ ആരംഭിക്കാന്‍ അധ്യാപകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്‌.

പിടിഎ ഫണ്ടില്‍ നിന്നും മറ്റും പണപ്പിരിവ്‌ നടത്തി അധ്യാപകര്‍ത്തന്നെയാണ്‌ പ്രീപ്രൈമറി ക്ലാസുകളുടെ പ്രവേശനത്തിന്‌ കൂടുതല്‍ തല്‍പ്പര്യമെടുക്കുന്നത്‌. അതെ സമയം വിദ്യാര്‍ഥികളില്‍ നിന്ന്‌ 150 മുതല്‍ 250 രൂപവരെ ഫീസ്‌ ഈടാക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും, ആയക്കും വളരെ കുറഞ്ഞ നിലവാരത്തിലുള്ള ശംബളമാണ്‌ നല്‍കുന്നതെന്ന്‌ ഈ രംഗത്തുള്ളവര്‍ പറയുന്നു. കൂടാതെ കുട്ടികളെ ആകര്‍ഷിക്കാന്‍ വാഹനമുള്‍പ്പടെയുള്ള സൗകര്യങ്ങളും പ്രീപ്രൈമറി ക്ലാസുകള്‍ തുടങ്ങുന്നവര്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ അംഗന്‍വാടികളില്‍ ചേര്‍ക്കാതെ നഴ്‌സറി ക്ലാസുകളിലേക്ക്‌ പറഞ്ഞയക്കാനാണ്‌ രക്ഷിതാക്കളും ശ്രമിക്കുന്നതെന്ന്‌ അംഗന്‍വാടി വര്‍ക്കേഴ്‌സ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹരിദാസന്‍ പുല്‍പ്പറ്റ പറഞ്ഞു.

സ്‌തീകളുടെയും, കുട്ടികളുടെയും ശാക്തീകരണമെന്ന ലക്ഷ്യത്തോടെ 1975 ലാണ്‌ അംഗന്‍വാടികള്‍ക്ക്‌ തുടക്കമായത്‌. കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം, മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഗ്രാമത്തിലെ കേന്ദ്രം എന്നിങ്ങനെ ഗ്രമങ്ങളിലെ സാമൂഹികരണ പ്രകിയയിലെ പ്രധാന ഏജന്‍സികളിലൊന്നായിരുന്നു ഓരോ ഗ്രാമത്തിലെയും അംഗന്‍വാടികള്‍.

എന്നാല്‍ അംഗന്‍വാടികളുടെ അടിസ്ഥാന വികസന കാര്യത്തിലും സര്‍ക്കാറുകളുടെ നിസംഗത തുടരുന്നതും വിദ്യാര്‍ഥികളെ അകറ്റാന്‍ കാരണമാകുകകയാണ്‌. മലപ്പുറം ജില്ലയില്‍ 3,802 അംഗന്‍വാടികളാണ്‌ ആകെയുള്ളത്‌.ഇതിനിടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക ഉത്തരവുപ്രകാരം അംഗന്‍വാടികളുടെ ഫിറ്റ്‌നസ്‌ പരിശോധന നടത്തിയിരുന്നു. മതിയായ സൗകര്യങ്ങളില്ലാതെയാണ്‌ അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നത്‌.
പരിശോധന നടന്ന മലപ്പുറം ജില്ലയിലെ അംഗന്‍വാടികളിലെ 539 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയായപ്പോള്‍ 46 എണ്ണം അപകടാവസ്‌ഥയിലാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

അതെ സമയം അംഗന്‍വാടികളില്‍ കുട്ടികള്‍ കുറഞ്ഞതിനെ തുടര്‍ന്ന്‌ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയും നിലവിലുണ്ട്‌. മലപ്പുറം ജില്ലയില്‍ മാത്രം ഏഴായിരത്തോളമാളുകളാണ്‌ ഈ രംഗത്ത്‌ തൊഴിലെടുക്കുന്നത്‌.

കൂടാതെ സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന പോഷകാഹാം ഉത്‌പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും കുട്ടികള്‍ കുറഞ്ഞത്‌ തിരിച്ചടിയായിട്ടുണ്ട്‌.സ്വകാര്യ വിദ്യാഭ്യാസ പദ്ധതികളുടെ അതിപ്രസരം മൂലം ഗ്രാമങ്ങളുടെ സാംസ്‌കാരിക സാമൂഹ്യ മേഖലകളില്‍ നിര്‍ണ്ണായ സ്വാധീനം ചെലുത്തിയിരുന്ന അംഗന്‍വാടികള്‍ അതീജീവനത്തിന്റെ പാതയിലാണിന്ന്‌.



2011, ജൂൺ 15, ബുധനാഴ്‌ച

അണ്‍എയിഡഡ്‌ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം 2011 ജൂണ്‍ 15 ബുധന്‍

======================
അണ്‍എയിഡഡ്‌ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം

നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം : കെപിഎസ്‌ടി യൂണിയന്‍
======================


വണ്ടൂര്‍: അണ്‍എയിഡഡ്‌ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ കെപിഎസ്‌ടി യൂണിയന്‍ വണ്ടൂര്‍ ഉപജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അധ്യാപക വിദ്യാര്‍ഥി അനുപാതം 1 : 30 ആക്കണമെന്നും, വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെപിഎസ്‌ടി യൂണിയന്‍ ജില്ലാ സെക്രട്ടറി കെ സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. വിപി മുജീബ്‌ റഹ്‌്‌മാന്‍, സി മെഹബൂബ്‌, എം മുരളീധരന്‍, സിറില്‍ ജോസഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു.



റോഡിന്‌ അനുമതി നല്‍കിയില്ല :
റോഡ്‌ വിഭാഗം ഓഫീസറെ തടഞ്ഞുവെച്ചു.
======================
വണ്ടൂര്‍: തിരുവാലി പഞ്ചായത്തിലെ കരുമ്പഞ്ചേരി റോഡിന്‌ അനുമതി നല്‍കിയില്ലെന്നാരോപിച്ച്‌ നാട്ടുകാര്‍ റോഡ്‌ വിഭാഗംഓഫീസറെ തടഞ്ഞു. എം ഐ ഷാനവാസ്‌ എംപിയുടെ എസ്‌ സി വിഭാഗത്തിനായി നീക്കിവെച്ച പതിനഞ്ച്‌ ലക്ഷം രൂപയുടെ പദ്ധതിപ്രകാരം റോഡിനായി നീക്കിവെച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തോളമായിട്ടും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട്‌ എടുത്തില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. ഇതെ തുടര്‍ന്നാണ്‌ പദ്ധതി നടത്തിപ്പു ചുമതലയുള്ള ഓഫീസറെ തടഞ്ഞുവെച്ചത്‌. തുടര്‍ന്ന്‌ തിരുവാലി പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സിടി ഹുസൈന്‍ഹാജി, ബ്ലോക്ക്‌ അംഗം നാടിക്കുട്ടി എന്നിവര്‍ ഓഫീസറുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന്‌ വണ്ടൂര്‍ പോലീസ്‌ എത്തിയാണ്‌ സമരക്കാരെ പിന്തിരിപ്പിച്ചത്‌.