2011, ജൂൺ 25, ശനിയാഴ്‌ച

ക്യാന്‍സര്‍ ചികിത്സ : സംസ്ഥാനത്തെ ആദ്യ ഹോമിയോ ഡിസ്‌പെന്‍സറി




വണ്ടൂര്‍: ഹോമിയോ ഡിസ്‌പെന്‍സറി തലത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്രം വണ്ടൂരില്‍ സ്ഥാപിക്കുന്നു.
കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. വണ്ടൂര്‍ കൂരാട്‌ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി കേന്ദ്രത്തിന്റെ പദവി ഉയര്‍ത്തി കൂടുതല്‍ സംവിധാനങ്ങളൊരുക്കാനാണ്‌ ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്‌. ഇതോടെ ക്യാന്‍സര്‍ ബാധിതരായ നിരവധി പേര്‍ക്ക്‌ ഹോമിയോ ചികിത്സാരീതി അനുഗ്രഹമാകും.

നിലവില്‍ സംസ്ഥാന തലത്തില്‍ ഹോമിയോ കേന്ദ്രത്തിലൂടെ ക്യാന്‍സര്‍ ചികിത്സ നല്‍കുന്ന ഏക സ്ഥാപനമാണ്‌ കൂരാട്‌ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി. നിലവില്‍ വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ `ചേതന` യെന്ന പേരില്‍ ഇവിടെ ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രത്യേകം ചികിത്സ നടന്നുവരുന്നുണ്ട്‌. ഡോ. വിനുകൃഷ്‌ണനാണ്‌ ഇവിടെ രോഗികളെ പരിശോധിക്കുന്നത്‌. വ്യാഴാഴ്‌ചയാണ്‌ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പ്രത്യേക പരിശോധന .മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ്‌ ചികിത്സക്കായി ഇവിടെയെത്താറുള്ളത്‌.

നിലവില്‍ 1031 പേരാണ്‌ ഇവിടെ നിന്നും ചികിത്സ തേടുന്നുണ്ടെന്ന്‌ പദ്ധതിക്ക്‌ നേതൃത്വം നല്‍കുന്ന ഡോ. വിനുകൃഷ്‌ണന്‍ പറഞ്ഞു.സൗജന്യ മരുന്നിനോടൊപ്പമുള്ള ചികിത്സയും, വീടുകളിലെത്തിയുള്ള പരിചരണവുമെല്ലാം രോഗികള്‍ക്ക്‌ സാന്ത്വനമേകുന്ന ചേതന പദ്ധതിക്ക്‌ സംസ്ഥാന സര്‍്‌ക്കാറിന്റെ അംഗീകാരവും കൂടി ലഭിക്കുന്നത്‌ ഈ കേന്ദ്രത്തിന്റെ വളര്‍ച്ചയെ സഹായിക്കും.

വ്യാഴാഴ്‌ചകളില്‍ മാത്രം നടത്തുന്ന ക്യാന്‍സര്‍ രോഗ പ്രതിരോധ ചികിത്സ എല്ലാ ദിവസങ്ങളിലും നടപ്പിലാക്കണമെന്നാണ്‌ പ്രദേശത്തുകാരുടെ ആവശ്യം. നിലവില്‍ കൂരാട്‌ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം സ്ഥല പരിമിതിമൂലം വീര്‍പ്പ്‌ മുട്ടുകയാണ്‌. ചേതന പദ്ധതിക്ക്‌ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുന്നതോടെ പരിമിതികള്‍ മറികടക്കാനാകുമെന്നാണ്‌ പ്രതീക്ഷ. പദ്ധതിയില്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ജില്ലാ കലക്ടര്‍ എംസി മോഹന്‍ദാസിന്റെ തിരിച്ചുവരവും, മന്ത്രിയായ എപി അനില്‍കുമാറിന്റെ പിന്തുണയെല്ലാം ചേതന പദ്ധതിയെ കൂടുതല്‍ പുരോഗതിയിലേക്ക്‌ നയിക്കാനാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ