2011, ജൂലൈ 17, ഞായറാഴ്‌ച

ജൂണ്‍ 18 തിങ്കള്‍
100 പ്ലസ്‌ വണ്‍ ബാച്ചു കൂടി ;
ജില്ലയുടെ ഉപരിപഠന പ്രശ്‌നത്തിന്‌ ആശ്വാസം


മലപ്പുറം :: കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ജില്ലയില്‍ പുതിയ പ്ലസ്‌ വണ്‍ ബാച്ചുകള്‍ ആരംഭിച്ചതിന്‌ പുറമെ യുഡിഎഫ്‌ സര്‍ക്കാറും പുതിയ ബാച്ചുകള്‍ അനുവദിച്ചതോടെ ജില്ലയിലെ പ്ലസ്‌ വണ്‍ സീറ്റുകളിലേക്ക്‌ 5000 പേര്‍ക്കു കൂടി ഇനി തുടര്‍പഠനം നടത്താം.
മലപ്പുറം,കോഴിക്കോട്‌,കണ്ണൂര്‍ ,തൃശൂര്‍, പാലക്കാട്‌, കൊല്ലം, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ്‌ പുതിയ ബാച്ചുകള്‍ ആരംഭിച്ചിട്ടുള്ളത്‌. ഈസീറ്റുകളിലേക്ക്‌ ഈ അധ്യയന വര്‍ഷം തന്നെ ഏകജാലക സംവിധാനത്തില്‍ പ്രവേശം നടക്കുമെന്നാണ്‌ വിവരം.

മലപ്പുറം ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ പ്ലസ്‌ വണ്‍ ബാച്ച്‌ അനുവദിച്ചിട്ടുള്ളത്‌ 100.50 കുട്ടികളുള്ള ബാച്ചുകളാണ്‌ ഓരോ സ്‌കൂളിലും അനുവദിക്കുക.ഇപ്രകാരം ജില്ലയിലെ 5000ത്തോളം വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനം നടത്താനാകും. പത്താംതരത്തില്‍ നിന്നും സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടുന്നത്‌ ജില്ലയില്‍ നിന്നാണ്‌.ഈ വര്‍ഷം 88.52 ശതമാനമായിരുന്നു ജില്ലയിലെ എസ്‌എസ്‌എല്‍സി വിജയം. പരീക്ഷ എഴുതിയവരുടെയും, വിജയിച്ചവരുടെയും എണ്ണത്തില്‍ ഇത്തവണ വര്‍ദ്ദനവുണ്ടായി.ഇക്കൊല്ലം 36,013 ആണ്‍കുട്ടികളും, 36251 പെണ്‍കുട്ടികളുമാണ്‌ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്‌.ഇതില്‍ 31,192 ആണ്‍കുട്ടികളും, 32,775 പെണ്‍കുട്ടികളുമാണ്‌ തുടര്‍ പഠനത്തിന്‌ അര്‍ഹത നേടിയത്‌. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ പ്ലസ വണ്‍ പ്രവേശനം കിട്ടാത്ത വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടായിരുന്നു. പുതിയ പ്ലസ്‌ വണ്‍ ബാച്ചുകള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്‌നം ഇല്ലാതാകും.

വിദ്യാഭ്യാസ സൗകര്യം കുറഞ്ഞ ജില്ലകളില്‍ അധിക ബാച്ച്‌ അനുവദിക്കാന്‍ യുഡിഎഫ്‌ സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ 548 സ്‌്‌കൂളുകളാണ്‌ അപേക്ഷ സമര്‍പ്പിച്ചിരുന്നത്‌. പുതിയ ബാച്ചുകള്‍ കിട്ടുമെന്ന്‌ " സൂചന" ലഭിച്ച എയിഡഡ്‌ സ്‌കൂളുകളില്‍ അധ്യാപക ജോലിക്കായി മാനേജ്‌മെന്റില്‍ പണംകൊടുത്ത്‌ ജോലി ഉറപ്പിച്ചവരും ഏറെയുണ്ട്‌. അനുവദിക്കണ്ട കോഴ്‌സുകളില്‍ അന്തിമ തീരുമാനമുണ്ടാകാത്തതിനാല്‍ എയിഡഡ്‌ സ്‌കൂളുകളില്‍ കോഴപണത്തിനനുസരിച്ച്‌ അധ്യാപകര്‍ക്കായി കോഴ്‌സുകള്‍ അനുവദിക്കാനുള്ള സാധ്യതയുണ്ടെന്ന ആക്ഷേപവുമുണ്ട്‌. നേരത്തെ പുതിയ പ്ലസ്‌ വണ്‍ ബാച്ചുകള്‍ അനുവദിക്കുന്നതിനിടെ ചില എയിഡഡ്‌ സ്‌കുളുകളില്‍ അധ്യാപകരുടെ യോഗ്യതക്കനുസരിച്ച്‌ കോഴ്‌സുകള്‍ നിര്‍ണ്ണയിച്ചിരുന്നു. അതെസമയം പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നതോടെ നിരവധി അധ്യാപക തസ്‌തികകള്‍ വരുമെന്നതിനാല്‍ നിരവധി പേര്‍ക്ക്‌ ജോലിയും ലഭിക്കും. ഈ വര്‍ഷം പിഎഎസ്‌സി പരീക്ഷ എഴുതി പ്രവേശനം നടത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ദിവസവേതനാടിസ്ഥാനത്തിലായിരിക്കും അധ്യാപകരെ നിയമിക്കുക.


പ്ലസ്‌ വണ്‍ കോഴ്‌സില്‍ 46 കോംപിനേഷന്‍ നിലവിലുണ്ടെങ്കിലും തൊഴിലധിഷ്‌ഠിതമായ നിരവധി കോഴ്‌സുകളുള്ള സ്‌കൂളുകള്‍ ജില്ലയില്‍ കുറവാണ്‌. ഹ്യൂമാനിറ്റീസ്‌ വിഷയത്തില്‍ 32 കോംപിനേഷനാണുള്ളത്‌. ഇക്കണോമിക്‌സ്‌, ഹിസ്‌റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്‌ എന്നിവയോടൊപ്പം നാലാംവിഷയമായി സോഷ്യോളജി,ജ്യോഗ്രഫി,ജിയോളജി എന്നീ വിഷയങ്ങളാണ്‌ ജില്ലയിലെ മിക്ക പ്ലസ്‌വണ്‍ ക്ലാസിലും കോംപിനേഷനായുള്ളത്‌. എന്നാല്‍ ഹ്യൂമാനിറ്റീസ്‌ കോഴ്‌സില്‍പ്പെട്ട ഗാന്ധിയന്‍ പഠനം,സംഗീതം, ,ആന്ത്രപോളജി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠിക്കണമെങ്കില്‍ അവര്‍്‌ ജില്ല വിടുകയല്ലാതെ മറ്റു വഴികളില്ല. ഇവ വിഷയമായി പഠിക്കുന്ന ഒരു വിദ്യാലയംപോലും ജില്ലയിലില്ല എന്നതാണ്‌ സത്യം. മറ്റു വിഷയങ്ങള്‍ക്കും തഥൈവ.

അതെസമയം ജില്ലയില്‍ പുതിയ പ്ലസ്‌ വണ്‍ ബാച്ചുകള്‍ അനുവദിച്ചതിന്റെ സന്തോഷത്തിലാണ്‌ അധ്യാപകരും വിദ്യാര്‍ഥി സമൂഹവും. എന്നാല്‍ സമാന്തര വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറയുമോ എന്ന കാര്യത്തില്‍ ഈരംഗത്തുള്ളവര്‍ക്കും ആധിയുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ