2011, ജൂലൈ 13, ബുധനാഴ്‌ച

സംസ്ഥാനത്ത്‌ വ്യാജ പാസ്‌പോര്‍ട്ടുകള്‍ വ്യാപകം

വണ്ടൂര്‍: സംസ്ഥാനത്ത്‌ വ്യാജ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ വിദേശത്തേക്ക്‌ പോകുന്ന പ്രവണത വ്യാപകമാകുന്നു. മലപ്പുറം, കോഴിക്കോട്‌, കാസര്‍ക്കോട്‌ ജില്ലകളിലാണ്‌ വ്യാജ പാസ്‌പോര്‍ട്ട്‌ വ്യാപകമായി നിര്‍മ്മിക്കുന്നത്‌.
ഒരു വ്യക്തി ഒന്നില്‍ കുടുതല്‍ പാസ്‌പോര്‍ട്ട്‌ കൈവശം വെക്കുന്ന പ്രവണതയാണ്‌ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. നിലവിലെ പാസ്‌പോര്‍ട്ടില്‍ ചെറിയ മാറ്റം വരുത്തിയും, വ്യാജമായ രീതിയില്‍ നിര്‍മിച്ചുമാണ്‌ പാസ്‌പോര്‍ട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ നിരവധിപേരാണ്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇതിനകം അറസ്റ്റിലായത്‌.

ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ തൊഴിലന്വേഷിച്ച്‌ പോകുന്നവരാണ്‌ ഇത്തരം പാസ്‌പോര്‍ട്ട്‌ ഉപയോക്താക്കളില്‍ ഏറെയും. ട്രാവല്‍സ്‌ ഏജന്റുമാരുടെയും, പാസ്‌പോര്‍ട്ട്‌ ഓഫീസിലെ ചില ജീവനക്കാരുടെയും സഹകരണത്തോടെയാണ്‌ ഇത്തരം പാസ്‌പോര്‍ട്ടുകളിലേറെയും നിര്‍മ്മിക്കപ്പെടുന്നത്‌. കൂടാതെ പാസ്‌പോര്‍ട്ട്‌ കൊണ്ടുവരുന്ന ചില ്‌പ്രാദേശിക തപാല്‍ ജീവനക്കാരും ഇവര്‍ക്ക്‌്‌ തുണയായുണ്ട്‌
പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‌ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‌ കൈമടങ്ങ്‌ കൊടുത്താല്‍ ഒരാള്‍ക്ക്‌ എത്ര പാസ്‌പോര്‍ട്ട്‌ കിട്ടാനും പ്രയാസമില്ല. ജില്ലയിലെ ചില പോലീസ്‌ സ്‌റ്റേഷനുകളില്‍ അപേക്ഷകന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലീസുകാര്‍ വീട്‌ അന്വേഷിച്ച്‌ പോകുന്നതിനു പകരം പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ച്‌ കൈമടങ്ങി വാങ്ങി റിപ്പോര്‍ട്ട്‌ അയക്കുന്ന പ്രവണതയും നിലനില്‍ക്കുന്നുണ്ട്‌. ചില പോലീസ്‌ സ്‌റ്റേഷനുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഭാഗമുണ്ടെന്നാണ്‌ സൂചന. അപേക്ഷകനില്‍ നിന്ന്‌ പണം വാങ്ങുന്നത്‌ പരസ്യമായ രഹസ്യമാണെങ്കിലും പോലീസുദ്യോഗസ്ഥര്‍ പിടിയിലാകാറില്ല എന്നതാണ്‌ വാസ്‌തവം. ഒന്നിലധികം പാസ്‌പോര്‍ട്ട്‌ കൈവശം വെച്ചവര്‍ക്ക്‌ തിരിച്ചു ഏല്‍പ്പിക്കണെമെന്ന്‌ ആഗ്രഹമുണ്ടെങ്കിലും നിയമത്തിന്റെ നൂലമാലകളോര്‍ത്ത്‌ അധികമാരും ഇതിന്‌ തയ്യാറാകാറില്ല.

പാസ്‌പോര്‍ട്ടിലെ ഫോട്ടോ മാറ്റി പകരം വേറെ ഫോട്ടോ പതിക്കുന്ന രീതിയായിരുന്നു നേരത്തെ നിലവിലുണ്ടായിരുന്നത്‌. എന്നാല്‍ വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ഈ രീതി മാറി പേരിലും, വിലാസത്തിലും നേരിയമാറ്റം വരുത്തിയ രീതിയിലുള്ള പാസ്‌പോര്‍ട്ടുകളാണ്‌ വ്യാജമായി നിര്‍മ്മിക്കപെടുന്നത്‌.

മംഗലാപുരം വിമാനപകടത്തില്‍ മരണപ്പെട്ടവരുടെ കൂട്ടത്തില്‍ പത്ത്‌ പേരുടേത്‌ വ്യാജ പാസ്‌പോര്‍്‌ട്ടുകളാണെന്ന്‌ നേരത്തെ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. ഗള്‍ഫ്‌ നാടുകളില്‍ സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്‌ പിടിച്ചുവെക്കുന്നതാണ്‌ വ്യാജപാസ്‌പോര്‍ട്ട്‌ നിര്‍മ്മിക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. തൊഴിലിടങ്ങളിലെ പീഢനവും, ശബളം ലഭിക്കാത്തതിനെ തുടര്‍ന്നും ജോലിയുപേക്ഷിച്ച്‌ രക്ഷപ്പെടുമ്പോള്‍ പാസ്‌പോര്‍ട്ട്‌ കിട്ടാത്ത സ്ഥിതിയാണുള്ളതെന്ന്‌്‌ പ്രവാസികള്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ