2011, ജൂലൈ 28, വ്യാഴാഴ്‌ച


കുഞ്ഞാലിയുടെ രക്തസാക്ഷ്യത്വത്തിന്‌ ഇന്ന്‌ 42 വര്‍ഷം :
ഘാതകര്‍ നിയനത്തിനുമുമ്പിലെത്തിയില്ല.


അക്‌ബറലി ചാരങ്കാവ്‌

വണ്ടൂര്‍: കിഴക്കനേറനാട്ടില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഉദയത്തിനും തോട്ടം തൊഴിലാളികള്‍ക്ക്‌ വേണ്ടി പോരാടുകയും ചെയ്‌ത സഖാവ്‌ കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന്‌ ഇന്ന്‌ 42 വര്‍ഷം പിന്നിടുന്നു. എന്നാല്‍ കുഞ്ഞാലിയുടെ കൊലപാതകത്തിന്‌ കാരണക്കാരായ കുറ്റവാളികളെ ഇതുവരെയും നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരാന്‍ പാര്‍ട്ടിക്കോ, നിയമപാലകര്‍ക്കോ സാധിച്ചിട്ടില്ല. നിലമ്പൂരിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവിനെതിരെ നിരവധി തവണ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഈ വിഷയത്തില്‍ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്‌.

അമ്പതുകളില്‍ കിഴക്കനേറനാട്ടില്‍ വ്യാപിച്ചുകിടന്നിരുന്ന തോട്ടം മേഖലയില്‍ അടിമകളെപോലെ പണിയെടുത്തിരുന്ന തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കുഞ്ഞാലി കാളികാവിലെത്തിയത്‌.
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നിരോധിച്ച കാലത്ത്‌ മണ്ണാര്‍ക്കാട്‌ ഒളിവില്‍ കഴിഞ്ഞിരുന്ന കുഞ്ഞാലി പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമമാണ്‌ കാളികാവിലെത്തുന്നത്‌. കേരള എസ്‌റ്റേറ്റിലെ തൊളിലാളികളെ സംഘടിപ്പിച്ച്‌ അവരുടെ അവകാശ സംരക്ഷണമായിരുന്നു മുഖ്യലക്ഷ്യം. നേരത്തെ പട്ടാളത്തില്‍ പ്രവര്‍ത്തിച്ചതിന്റെയും, വിരമിച്ച പട്ടാളക്കാരുടെ കൂട്ടായ്‌മ രൂപവത്‌ക്കരിച്ചതുമാണ്‌ കുഞ്ഞാലിയിലെ സംഘാടകനെ തിരിച്ചറിയാന്‍ സാധിച്ചത്‌.

ചെറുപ്പത്തിലെ പിതാവ്‌ മരണപ്പെട്ട്‌ യതീമാകേണ്ടി വന്ന കുഞ്ഞാലിയെ മാതാവ്‌ വളരെ കഷ്ടപ്പെട്ടാണ്‌ മകനെ പോറ്റിവളര്‍ത്തിയത്‌. കൊണ്ടോട്ടിയിലെ വിദ്യാഭ്യാസത്തിനിടെ ബീഡി കമ്പനിയില്‍ തൊഴിലെടുക്കാന്‍ പോയാണ്‌ കുഞ്ഞാലി നിത്യവൃത്തിക്കായി പണം കണ്ടെത്തിയത്‌. പിന്നീട്‌ ബീഡി കമ്പനിയിലെ മുതലാളി പണം ചെലവഴിച്ചാണ്‌ മലപ്പുറത്ത്‌ വന്ന്‌ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്‌.


വാരിയംകുന്നത്‌ കുഞ്ഞഹമ്മദ്‌ഹാജിക്കു ശേഷം ഏറനാട്‌ കണ്ട വിപ്ലവകാരിയായിരുന്നു സഖാവ്‌ കുഞ്ഞാലി. 18 വര്‍ഷത്തോളം വിപ്ലവ ജീവിതം നയിച്ച കുഞ്ഞാലി നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്‌. ഇതിനിടെ 1969 ജൂലൈ 26 നാണ്‌ വെടിയേറ്റുവീണത്‌. നിലമ്പൂരില്‍ പാര്‍ട്ടിയോഗം കഴിഞ്ഞ്‌ പുറത്തിറങ്ങവെ അജ്ഞാതനായ കൊലയാളി നിറയൊഴിക്കുകയായിരുന്നു. ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യമായി കൊല്ലപ്പെടുന്ന എംഎല്‍എ ആയിരുന്നു കുഞ്ഞാലി.
കൊലപാതകത്തിനു പിന്നില്‍ നിലമ്പൂരിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണെന്ന ആരോപണം ഇന്നും നിലനില്‍ക്കുകയാണ്‌. കുഞ്ഞാലിയുടെ ഭാര്യ സൈനബ ഇക്കാര്യം ഇന്നും തുറന്നു സമ്മതിക്കുന്നുണ്ട്‌. വെടിയേറ്റ്‌ രണ്ടു ദിവസം കഴിഞ്ഞാണ്‌ അദ്ദേഹം മരണപ്പെട്ടത്‌.

രോഗകിടക്കയിലായിരിക്കെ കുഞ്ഞാലി പോലീസിനു നല്‍കിയ മൊഴി നിര്‍ണ്ണായകമായിരുന്നെങ്കിലും അതും ഉന്നതര്‍ ഇടപെട്ട്‌ നശിപ്പിക്കുകയാണുണ്ടായത്‌. രണ്ടു വര്‍ഷം മുമ്പ്‌ കൊണ്ടോട്ടിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മനോജ്‌ കേദാരം കുഞ്ഞാലി മരണത്തിനു മുമ്പ്‌ നല്‍കിയ മൊഴിയുടെ പകര്‍പ്പ്‌ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലമ്പൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും ഈ ഫയല്‍ നഷ്ടപ്പെട്ടെന്നാണ്‌ മറുപടി ലഭിച്ചത്‌. ഒടുവില്‍ അപ്പീല്‍ പോയെങ്കിലും കാണാനില്ലെന്ന്‌ പോലീസ്‌ വകുപ്പ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കുകയാണുണ്ടായത്‌.


കുഞ്ഞാലിയുടെ അനുമസ്‌മരണത്തോടനുബന്ധിച്ച്‌ കുഞ്ഞാലി സ്‌മന്ദിരത്തിന്റെ ഉദ്‌ഘാടനവും ,ജീവിത ചരിത്രത്തിന്റെ പ്രകാശനവും ഇന്ന്‌ നടക്കും. കുഞ്ഞാലിയുടെ സമഗ്ര ജീവിതം വിവരിക്കുന്ന ചരിത്ര ഗ്രന്ഥം യ്രുവ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഹംസ ആലുങ്ങല്‍ ആണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. അതെസമയം കുഞ്ഞാലിയുടെ രക്ത സാക്ഷ്യത്തിന്‌ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളില്‍ പലരും ഇന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്‌ അനഭിമതനാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ