2011, ജൂലൈ 26, ചൊവ്വാഴ്ച


സൈബര്‍ വലയില്‍ കുരുങ്ങുന്നത്‌ വിദ്യാ സമ്പന്നര്‍ ;
വലവിരിക്കുന്നവരിലേറെയും ആഫ്രിക്കന്‍ വംശജര്‍


അക്‌ബറലി ചാരങ്കാവ്‌

മലപ്പുറം: സംസ്ഥാനത്ത്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമ്പോള്‍ ഇന്റര്‍നെറ്റ്‌ തട്ടിപ്പില്‍ കുരുങ്ങുന്നത്‌ വിദ്യാ സമ്പന്നരായിട്ടുള്ള ഉന്നതര്‍.തട്ടിപ്പ്‌ നടത്തുന്നതാവട്ടെ ആഫ്രിക്കയിലെ നൈജീരിയക്കാരും.
ഇന്റര്‍നെറ്റ്‌ വഴി 65 കോടിരൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട്‌ നൈജീരിയക്കാരെയാണ്‌ കഴിഞ്ഞ ദിവസം മഞ്ചേരി ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ പന്ത്രണ്ട്‌ വര്‍ഷത്തേക്ക്‌ കഠിന തടവിന്‌ ശിക്ഷിച്ചത്‌. നൈജീരിയക്കാരായ ജോണ്‍സെന്‍ നൗനോയി ഉലോന്‍സോ (34),മൈകിള്‍ ഒബിയോറോ മുസോസോ (34) എന്നിവരെയാണ്‌ ശിക്ഷിച്ചത്‌. വിവരസാങ്കേതിക വിദ്യാ ആക്ട്‌ നിലവില്‍ വന്ന്‌ പതിനൊന്ന്‌ വര്‍ഷത്തിനിടെ കുറ്റകൃത്യം നടത്തി ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യ കേസാണിത്‌.


ഇന്റര്‍നെറ്റിലൂടെ മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി ഇമെയില്‍ അയക്കുന്നതിലൂടെയാണ്‌ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തുടക്കം.ഇത്തരത്തിലുള്ള വ്യാജ ഇമെയിലുകള്‍ക്ക്‌ മറുപടി നല്‍കുന്നതിലൂടെയാണ്‌ തട്ടിപ്പിന്റെ അടുത്ത പടിയിലേക്ക്‌ കയറുന്നത്‌. ഇത്തരത്തിലുള്ള ഇമെയില്‍ തട്ടിപ്പുകള്‍ക്ക്‌ ഇരയായവര്‍ സംസ്ഥാനത്ത്‌ ഏറെയാണ്‌.


ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഇന്റര്‍നെറ്റ്‌ വഴി മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവമാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്‌ത സൈബര്‍ കേസ്‌. നൈജീരിയക്കാരനായ ഇസി ഇഫാനി ഇമാനുവേല്‍,ഷെബാ അബ്ദുല്‍ റസാഖ്‌ എന്നിവരാണ്‌ ഈ കേസില്‍ ആദ്യമായി അറസ്‌റ്റിലായത്‌.
ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന്‌ അറിയിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. ഇതേപോലെ മൈക്രോസോഫ്‌ട്‌, യാഹൂ ,ലോട്ടറികളുടെ സമ്മാനം ലഭിച്ചെന്നും കാണിച്ച്‌ ഇവര്‍ തട്ടിപ്പ്‌ നടത്തി. പിടിയിലായ ആളുടെ ലാപ്‌ടോപ്പ്‌ പരിശോധനയില്‍ നിന്ന്‌ മലപ്പുറം സ്വദേശികളായ ഒട്ടേറെ പേരുടെ പേരുകളും ഇമെയില്‍ വിലാസവും അന്നത്തെ ഐജി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേരളത്തിലെ ജില്ലകള്‍ തിരിച്ച്‌ ഇവര്‍ ഡയറക്ടറി ഉണ്ടാക്കിയെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കഴിഞ്ഞ ദിവസം മഞ്ചേരി കോടതി ശിക്ഷിച്ച രണ്ട്‌ നൈജീരിയക്കാരും സമാനമായ തട്ടിപ്പാണ്‌്‌ നടത്തിയത്‌. ആശുപത്രി തുടങ്ങാന്‍ 65 കോടി രൂപ തരാമെന്ന്‌ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയാണ്‌ ഇവര്‍ തട്ടിപ്പിന്റെ കരുക്കള്‍ നീക്കിയത്‌.ഇതിനു പ്രതികരിച്ച ചെറുകാവ്‌ ചേവായൂരിലെ ഡോ.സിസി തോമസില്‍ നിന്ന്‌ 45 ലക്ഷം രൂപയാണ്‌ ഇവര്‍ തട്ടിയെടുത്തത്‌.

കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ്‌ ലോട്ടറിയുടെ പേരില്‍ വന്‍ തട്ടിപ്പുനടത്തുന്ന നൈജീരിയന്‍ സംഘത്തിലെ പ്രധാനിയായിരുന്ന ജൂഡ്‌ (34) നെ ആലുവ പോലീസ്‌ പിടികൂടിയിരുന്നു.ഇന്റര്‍നെറ്റിലൂടെ കോടികളുടെ സമ്മാനം വാഗ്‌ദാനം ചെയ്‌ത്‌ രണ്ടേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ആലത്തൂരില്‍ അറസ്റ്റിലായ ഹെന്‍ട്രി (41) മറ്റൊരു ആഫ്രിക്കന്‍ സ്വദേശിയായിരുന്നു.


കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ സംസ്ഥാനത്ത്‌ രണ്ടരമടങ്ങ്‌ വര്‍ധനവാണുണ്ടായതെന്ന്‌ ഹൈടെക്‌ സെല്ലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2009ല്‍ പ്രതിദിനം ശരാശരി 101 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത്‌ 231ആയി. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇത്‌ 300ലേറെ വരുമെന്ന്‌ കണക്കാക്കുന്നു.
തിരുവനന്തപുരം 6912, കൊല്ലം1529, ആലപ്പുഴ 5668, പത്തനംതിട്ട 1781, കോട്ടയം 4485, ഇടുക്കി 1006, എറണാകുളം 16073, ത്യശൂര്‍ 5488, മലപ്പുറം 5133, പാലക്കാട്‌ 20969, കോഴിക്കോട്‌ 7306, വയനാട്‌ 1200, കണ്ണൂര്‍ 3371, കാസര്‍ക്കോട്‌ 1069, ഹൈടെക്‌ െ്രെകം എന്‍ക്വയറി സെല്‍4440 എന്നിങ്ങനെ സംസ്ഥാനത്ത്‌ 86498 സൈബര്‍ കേസുകളാണ്‌ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്‌തത്‌.

വിദ്യാസമ്പന്നര്‍ക്ക്‌ പുറമെ ഇന്റര്‍നെറ്റ്‌ പരിജ്ഞാനം നേടിയ ക്രിമിനലുകളും കുറ്റകൃത്യം നടത്താനുള്ള ഉപാധിയായിട്ടാണ്‌ ഇന്റര്‍നെറ്റിലെ സേവനങ്ങളെ ഉപയോഗപ്പെടുത്തുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഢിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ അറസ്റ്റിലായ ഇരുമ്പുഴി കോലോത്തുംമുറി പുല്ലേങ്ങല്‍ അഷ്‌റഫ്‌ എ്‌ന്ന നാല്‍പതുകാരനും മകളുടെ നഗ്നത ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയത്രെ. കൂടാതെ ഇന്റര്‍നെറ്റില്‍ അശ്ലീല രംഗങ്ങള്‍ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ യുവതികള്‍ ആത്മഹത്യ ചെയ്‌തതും വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

അസഭ്യ മെയില്‍, പേഴ്‌സനല്‍ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തല്‍, ഓണ്‍ലൈന്‍ തട്ടിപ്പ്‌, ഫേസ്‌ബുക്‌, ഓര്‍ക്കുട്ട്‌ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കി അശ്ലീലങ്ങള്‍ പ്രചരിപ്പിക്കല്‍,ഭീഷണി മെയില്‍, വെബ്‌സൈറ്റുകള്‍ തകര്‍ക്കല്‍ തുടങ്ങിയവയാണ്‌ സൈബര്‍ ലോകത്തെ പ്രധാന കുറ്റകൃത്യങ്ങള്‍.

ഓരോരുത്തരുടെയും വിരല്‍ത്തുമ്പില്‍ വര്‍ഷങ്ങളോളം ജയില്‍വാസം വിധിക്കപ്പെടാന്‍ പര്യാപ്‌തമായ കുറ്റകൃത്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നിരിക്കെ വ്യക്തികളെ കുറിച്ചുള്ള മോശം ചിത്രങ്ങളും, വീഡിയോ ഫയലുകളും മറ്റുള്ളവര്‍ക്ക്‌ ഫോര്‍വേഡ്‌ ചെയ്യലും കുറ്റകൃത്യമാണെന്ന്‌ അധികപേര്‍ക്കും അറിയാത്തതിനാല്‍ കുറ്റകൃത്യം തുടര്‍ന്ന്‌കൊണ്ടിരിക്കുകയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ