2010, നവംബർ 12, വെള്ളിയാഴ്‌ച

ഉമ്മന്‍ചാണ്ടി

സിപിഎം കുത്തകകളുടെ പാര്‍ട്ടിയായി മാറി :ഉമ്മന്‍ചാണ്ടി


വണ്ടൂര്‍ : പട്ടിണി പാവങ്ങളുടെ പാര്‍ട്ടിയായിരുന്ന സിപിഎം ഇന്ന്‌ സാന്റിയാഗോ മാര്‍ട്ടിന്റെയും, അട്ടപാടിയിലെ ആദിവാസികളെ പറ്റിച്ച കുത്തകകളുടെയും വക്താക്കളായെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു.

സിപിഎമ്മിലെ അടിത്തറയിലുണ്ടായ വിള്ളലാണ്‌ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കനത്ത പരാജയത്തിലേക്ക്‌ നയിച്ചതെന്നും, ഇടതുപക്ഷ സര്‍ക്കാര്‍ കവര്‍ന്നെടുത്ത എല്ലാ അധികാരങ്ങളും തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു യുഡിഎഫ്‌ തിരികെ നല്‍കുമെന്നും അദ്ധേഹം പറഞ്ഞു.

എല്‍ഡിഎഫിന്റെ കുത്തകയായിരുന്ന തിരുവാലി ഗ്രാമപഞ്ചായത്ത്‌ ഭരണം നേടിയ യുഡിഎഫ്‌ അംഗങ്ങള്‍ക്ക്‌ നല്‍കിയ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്ന്‌ മുസ്‌്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശിവദാസ മേനോന്റെ വീട്‌ കല്ലെറിഞ്ഞതിനു പിന്നില്‍ മുസ്‌്‌ലിം ലീഗുകാരാണെങ്കില്‍ അവരെ പാര്‍ട്ടിക്ക്‌ വേണ്ടാ എന്ന്‌ ഞങ്ങള്‍ പറഞ്ഞത്‌പോലെ ഡിവൈഎഫ്‌ക്കാരായ പ്രതികളെ വേണ്ടായെന്ന്‌ പറയാന്‍ പിണറായി വിജയന്‌ ധൈര്യമുണ്ടോ എന്ന്‌ അദ്ധേഹം വെല്ലുവിളിച്ചു. കേരളത്തിലെ സകല അക്രമത്തിന്റെ പിന്നിലും സിപിഎം ആണെന്നും ഇന്ന്‌ സ്വന്തം മുന്നണിയിലെ കക്ഷികളെയും, നേതാക്കളെയും തിരിഞ്ഞിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.


തിരുവാലി ഇന്നെ വരെ കണ്ടിട്ടില്ലാത്ത വര്‍ണാഭമായ സ്വീകരണ പരിപാടികളാണ്‌ യുഡിഎഫ്‌ ഇന്നലെ ഇവിടെ സംഘടിപ്പിച്ചത്‌. ഇന്നലെ വൈകീട്ട്‌ ആറരയോടെ പത്തിരിയാല്‍ അങ്ങാടിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ വന്‍ജനാവലിയാണ്‌ പങ്കെടുത്തത്‌. നെറ്റിപട്ടം കെട്ടിയ ആനയും, മുത്തിക്കുട, തിറ, ബാന്റ്‌ വാദ്യം, ശിങ്കാരിമേളം തുടങ്ങി വിവിധ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ തിരുവാലിയില്‍ നടന്ന വന്‍ കരിമരുന്ന്‌ പ്രയോഗത്തോടെയാണ്‌ ഘോഷയാത്ര സമാപിച്ചത്‌.
തുടര്‍ന്ന്‌ നടന്ന സ്വീകരണ യോഗത്തില്‍ മുസ്‌്‌ലിം ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ നജീബ്‌ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ എപി അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്‌ എന്നിവരും, പിവി അബ്ദുല്‍ വഹാബ്‌ എംപി, ഡിസിസി പ്രസിഡന്റ്‌ ഇ മുഹമ്മദ്‌ കുഞ്ഞി, ജില്ലാ പഞ്ചായത്ത്‌ അംഗം വി സുധാകരന്‍, കെപിസിസി അംഗങ്ങളായ കെ സി അബ്ദുല്‍കരീം മൗലവി, പി വാസുദേവന്‍, കെഎം മുസ്‌തഫ, പിപി രവീന്ദ്രന്‍, കെ സലാം പ്രസംഗിച്ചു. മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റ്‌ പ്രസിഡന്റ്‌ കെ സുരേഷ്‌ സ്വാഗതവും, കെ അലവി നന്ദിയും പറഞ്ഞു. പ്രകടനത്തിന്‌ ടിപി ഗോപാല കൃഷ്‌ണന്‍, സി ഷാജഹാന്‍, എ അന്‍ഫഹ്‌, കെ പി മുഹമ്മദ്‌, പി പ്രദീപ്‌, കെ കേശവദാസ്‌, സികെ മുരളി, പി അലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ