2010, നവംബർ 18, വ്യാഴാഴ്‌ച

വിവരാവകാശം, അവധി, തിരുവാലി


വളര്‍ത്തുപട്ടിക്കു പിന്നാലെ
ഓടവെ കിണറ്റില്‍ വീണ്‌ മരിച്ചു.


വണ്ടൂര്‍: വീട്ടിലെ വളര്‍ത്തുപട്ടിക്കു പിന്നാലെ ഓടവെ അബദ്ധത്തില്‍ കിണറില്‍ വീണ്‌ മധ്യവയസ്‌ക്കന്‍ മരിച്ചു. നടുവത്ത്‌ കുമ്മാളിപ്പടി സ്വദേശി കളരിക്കല്‍ തങ്കപ്പന്‍ (46) ആണ്‌ വീടിനടുത്തുള്ള ആള്‍മറയില്ലാത്ത ആഴമുള്ള കിണറില്‍ വീണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.വന്‍തോതില്‍ വെള്ളമുള്ള കിണറ്റിലെ വെള്ളത്തില്‍ മുങ്ങിയാണ്‌ മരണം സംഭവിച്ചതെന്‌്‌ കരുതുന്നു.
നിലമ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും, വണ്ടൂര്‍ പോലീസും , നാട്ടുകാരും ചേര്‍ന്ന്‌ രക്ഷിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണപ്പെട്ടു.
മാതാവ്‌ : പാര്‍വതി
ഭാര്യ: വിജയ ലക്ഷ്‌മി
മക്കള്‍: വിപിന്‍, വിജിത
മരുമകന്‍: സിനീഷ്‌ തിരൂര്‍
===============================================================================
വിവരാവകാശം: സര്‍ക്കാര്‍ ജീവനക്കാരന്‌ മുടങ്ങികിടന്ന ശംബളം ലഭിച്ചു

വണ്ടൂര്‍: സര്‍ക്കാര്‍ ജീവനക്കാരന്‌ വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്ന ശംബളം വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലിലൂടെ നേടിയെടുത്തു.ഊരകം ഗ്രാമപഞ്ചായത്തിലെ ഓവര്‍സീയറായ ജി മനോഹരനാണ്‌ മുടങ്ങി കിടന്ന ശംബളം ലഭിച്ചത്‌.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്‌മയുടെ പ്രവര്‍ത്തകന്റെ ഇടപെടലിലൂടെയാണ്‌ ശംബളം ലഭിച്ചത്‌. നേരത്തെ വേങ്ങര ഗ്രാമ പഞ്ചായത്തില്‍ ജോലിചെയ്യുന്ന കാലത്താണ്‌ മനോഹരന്‌ ശംബളം കിട്ടാതെയായത്‌. ഇതു സംബന്ധിച്ച്‌ മനോഹരന്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ കഴിഞ്ഞ വര്‍ഷം സപ്‌തംബറില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ മനോഹരന്‍ ഊരകം ഗ്രാമപഞ്ചായത്തിലേക്ക്‌ ജോലിമാറ്റം നേടി. തുടര്‍ന്നും ശംബളം കിട്ടാത്ത വിഷയമറിഞ്ഞ്‌ മലപ്പുറം വിവരാവകാശ കൂട്ടായ്‌മ ട്രഷറര്‍ ടിപി മുജീബ്‌ റഹ്‌്‌മാന്‍ പത്തിരിയാല്‍ വിവരാവകാശ അപേക്ഷ അയച്ചതോടെയാണ്‌ പരാതിയില്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായതെന്ന്‌ മുജീബ്‌ റഹ്‌്‌മാന്‍ പറഞ്ഞു.ഇതിനിടെ ചില ഉദ്യോഗസ്ഥര്‍ അപേക്ഷ പിന്‍വലിക്കാനുള്ള ശ്രമവും നടത്തിയതായി ആക്ഷേപമുണ്ട്‌.

=============================================================
അവധി നല്‍കാതെയുള്ള അധ്യയനം പ്രഹസനമായി

വണ്ടൂര്‍: ബലി പെരുന്നാളിന്‌ ഒരു അവധി മാത്രം നല്‍കി ഇന്നലെ വീണ്ടും സ്‌കൂള്‍ തുറന്ന്‌ പ്രവര്‍ത്തിച്ചത്‌ പ്രഹസനമായി.ബലി പെരുന്നാളിന്‌ ബുധനാഴ്‌ച മാത്രമാണ്‌ സര്‍ക്കാര്‍ അവധി നല്‍കിയിരുന്നത്‌. എന്നാല്‍ ഈ അവധിയിലൊതുങ്ങുന്നത്‌ കൊണ്ട്‌ ഫലപ്രദമല്ലെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. ഇന്നലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറന്ന്‌ പ്രവര്‍ത്തിച്ചെങ്കിലും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഹാജര്‍ നില പാടെ കുടഞ്ഞതിനാല്‍ ഹാജര്‍ വിളിച്ച ശേഷം സ്‌കൂള്‍ വിടുകയാണുണ്ടായത്‌. അതെ സമയം ചില എയിഡഡ്‌ , അണ്‍ എയിഡഡ്‌ സ്‌കൂളുകള്‍ ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചില്ല. ഏഴുദിവസം ബലിപെരുന്നാള്‍ ആഘോഷിക്കണമെന്ന മോഹവും ഇത്തവണ പറ്റില്ല. വിജയ ദശമിക്ക്‌ നല്‍കിയ ലീവിന്‌ പകരം നാളെയും സ്‌കൂളുകള്‍ക്ക്‌ പ്രവര്‍ത്തി ദിവസമായിരിക്കും. നാളെയും അധ്യയന ദിവസമായതിനാല്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഇന്നലെ അധ്യാപകരില്‍ പലരും കാഷ്യല്‍ ലീവ്‌ എടുക്കുകയാണ്‌ ഉണ്ടായത്‌.

===================================================================================
സ്റ്റാന്റിംഗ്‌ കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ പരാതി
വണ്ടൂര്‍: തിരുവാലി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടന്ന സ്റ്റാന്റ്‌ിംഗ്‌ കമ്മിറ്റി തിരഞ്ഞെടുപ്പ്‌ ചട്ടലംഘനമാണെന്നാരോപിച്ച്‌ പ്രതിപക്ഷത്തിന്റെ പരാതി. നിലവിലെ യുഡിഎഫ്‌ ഭരണ സമിതിക്കെതിരെ മുന്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും, നിലവിലെ എല്‍ഡിഎഫ്‌ അംഗവുമായ കെ പി ഭാസ്‌ക്കരന്‍, പി ബാലകൃഷ്‌ണന്‍ എന്നിവരാണ്‌ വരണാധികാരിക്ക്‌ പരാതി നല്‍കിയത്‌. ധനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റിയില്‍ വനിതാസംവണ അംഗത്തെ തിരഞ്ഞെടുക്കാതെ മറ്റ്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി അംഗങ്ങളെയാണ്‌ തിരഞ്ഞെടുത്തത്‌. ഇതെ തുടര്‍ന്ന്‌ ആരോഗ്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റിയിലേക്ക്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കൂനേരി ഗീതയെ മത്സരിക്കാന്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇത്‌ തിരഞ്ഞെടുപ്പ്‌ ചട്ട വിരുദ്ധ മാണെന്നും സ്റ്റാന്റിംഗ്‌ കമ്മിറ്റി തിരഞ്ഞെടുപ്പ്‌ റദ്ധാക്കണമെന്നും മഞ്ചേരി വാണിജ്യകാര്യ ഓഫീസര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
======================================================================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ