2010, നവംബർ 13, ശനിയാഴ്‌ച

വിദ്യാലയമുറ്റം

കലോത്സവങ്ങളില്‍ മദ്യവിരുദ്ധസന്ദേശത്തിന്‌ പ്രാധാന്യം

വണ്ടൂര്‍: ജില്ലയില്‍ വിഷ മദ്യദുരന്തത്തില്‍ 27 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണം സജീവമാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍കലോത്സവങ്ങളിലെ മത്സരങ്ങളിലും വിഷമദ്യം സജീവ ചര്‍ച്ചായിനമായി മാറി. മിക്കയിടങ്ങളിലും സ്‌കൂള്‍ കലോത്സവങ്ങള്‍ സജീവമായതിനാല്‍ ഇത്തവണത്തെ മത്സരയിനങ്ങളിലെല്ലാം മദ്യവിരുദ്ധ വിഷയങ്ങള്‍ക്കാണ്‌ പ്രധാന്യം. ഇന്നലെ സമാപിച്ച വാണിയമ്പലം ഹൈസ്‌ക്കൂളില്‍ നടന്ന കലോത്സവത്തിലെ മിക്കയിനങ്ങളിലും വിഷമദ്യദുരന്തത്തിനെതിരെയുള്ള പ്രതിഷേധം വ്യക്തമായിരുന്നു.
മോണോ ആക്ട്‌, കഥാപ്രസംഗം, മലയാള പ്രസംഗം, നാടകം തുടങ്ങിയ മത്സരയിനങ്ങളിലാണ്‌ പ്രധാനമായും ഇത്തരം വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയിരുന്നത്‌.
കഴിഞ്ഞ വര്‍ഷം വരെ ഭീകരവാദം, തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ക്കായിരുന്നു ചുങ്കത്തറയില്‍ നടന്ന ജില്ലാ കലോത്സവങ്ങളിലടക്കം നിറഞ്ഞുനിന്നത്‌. സമൂഹത്തിലും, പ്രത്യേകിച്ച്‌ വിദ്യാര്‍ഥികളിലും ലഹരിവിരുദ്ധ ബോധവത്‌ക്കരണം നടത്തുക എന്നതാണ്‌ ഇത്തരം പരിപാടികളുടെ പ്രധാനലക്ഷ്യം.


ഹരിതവിദ്യാലയം റിയാലിറ്റിഷോ:
വണ്ടൂരില്‍ നിന്ന്‌ നാല്‌ സ്‌കൂളുകള്‍

വണ്ടൂര്‍: വണ്ടൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ നിന്നുള്ള നാല്‌ സ്‌കൂളുകള്‍ക്ക്‌ ഹരിതവിദ്യാലയം റിയാലിറ്റിഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. കാളികാവ്‌ ബസാര്‍ ജിയുപി സ്‌കൂള്‍, വാണിയമ്പലം സികെജിഎല്‍പി സ്‌കൂള്‍,കരുവാരക്കുണ്ട്‌ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കരുവാരക്കുണ്ട്‌ ജിഎല്‍പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ്‌ അവസരം ലഭിച്ചത്‌. കേരള വിദ്യാഭ്യാസ വകുപ്പും, വിക്ടേഴ്‌സ്‌ ചാനലും സംയുക്തമായാണ്‌ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്‌. സ്‌കൂളുകളുടെ പ്രവര്‍ത്തന മികവ്‌ ഉയര്‍ത്തുകയാണ്‌ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. സംസ്ഥാനത്തെ 114 സ്‌കൂളുകള്‍ക്കാണ്‌ മത്സരത്തിലെ ഒന്നാം റൗണ്ടിലെത്താന്‍ സാധിച്ചത്‌. ഇതില്‍ പതിനഞ്ച്‌ സ്‌കൂളുകള്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളതാണ്‌. ആദ്യ റൗണ്ട്‌ പിന്നിട്ട സ്‌കൂളുകളില്‍ പ്രത്യേക ജൂറി സന്ദര്‍ശനം വീഡിയോ ഡോക്യുമെന്റേഷന്‍ നടത്തും. ഇപ്രകാരമാണ്‌ സംസ്ഥാനത്തെ മികച്ച മൂന്ന്‌ സ്‌കൂളുകളെ കണ്ടെത്തുക. ഇതെ തുടര്‍ന്ന്‌ സ്‌കൂളുകളുടെ മികവ്‌ ഉയര്‍ത്താനുള്ള ശ്രമത്തിലാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്ന സ്‌കുളുകളിലെ ജീവനക്കാര്‍.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ