2010, നവംബർ 18, വ്യാഴാഴ്‌ച

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ്‌ പോക്ക്‌


വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണം :
സിബിഎസ്‌ഇ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ്‌ പോക്ക്‌ വ്യാപകം


വണ്ടൂര്‍: സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ്‌ പോക്ക്‌ വ്യാപകമാകുന്നു. വിദ്യാഭ്യാസ രംഗത്ത്‌ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌ക്കരണങ്ങളും ,രക്ഷിതാക്കളുടെ സാമ്പത്തിക ലാഭവും പരിഗണിച്ച്‌ സിബിഎസ്‌ഇ സ്‌കൂള്‍ വിട്ട്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരുന്ന പ്രവണതയാണ്‌ അടുത്ത കാലത്തായി വ്യാപകമാകുന്നത്‌.
രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ സിബിഎസ്‌ഇ സ്‌കൂളുകളുള്ള സംസ്ഥാനമാണ്‌ കേരളം. ഇതില്‍ 60 ശതമാനം സ്‌കൂളുകളിലും ഹയര്‍സെക്കണ്ടറി വരെ പഠനം നടത്തുന്നുണ്ട്‌. എന്നാല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലേക്ക്‌ വിദ്യാര്‍ഥികളെ കിട്ടാത്ത അവസ്ഥായാണുള്ളതെന്ന്‌ ഈ രംഗത്തുള്ളവര്‍ പറയുന്നു. പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനത്തിന്‌ 50 ശതമാനം മാര്‍ക്ക്‌ വേണമെന്ന സര്‍ക്കാറിന്റെ നിബന്ധന കാരണം സിബിഎസ്‌ഇ സ്‌കൂള്‍ വിട്ട്‌ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ്‌ പഠനം നടത്താനെത്തുന്നത്‌.
സിബിഎസ്‌ഇ സ്‌കൂളുകളെ അപേക്ഷിച്ച്‌ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സിലബസും, മൂല്യ നിര്‍ണ്ണയവും ലളിതമായതാണ്‌ അധികപേരെയും കൊഴിഞ്ഞ്‌പോകാന്‍ പ്രേരിപ്പിക്കുന്നത്‌. സിബിഎസ്‌ഇ സിലബസ്‌ പ്രകാരം 70 മുതല്‍ 80 ശതമാനം വരെ വിജയ ശതമാനമുണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ സിലബസ്‌ പ്രകാരം പഠനം നടത്തിയ പത്താംതരത്തിലും, ഹയര്‍സെക്കണ്ടറി തലത്തിലും 80 മുതല്‍ 90 ശതമാനം വരെയാണ്‌ വിജയ ശതമാനം ഉയരുന്നത്‌. ഇക്കാരണത്താല്‍ വന്‍വിജയ പ്രതീക്ഷ ആഗ്രഹിച്ച്‌ സിബിഎസ്‌ഇ സ്‌കൂള്‍ ഒഴിവാക്കി സംസ്ഥാന ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ചേരുന്ന പ്രവണത അടുത്ത കാലത്തായി വ്യാപകമായിരിക്കുകയാണ്‌.

ഇതെ തുടര്‍ന്ന്‌ പത്താം തരത്തിന്‌ ശേഷം വിദ്യാര്‍ഥികളെ കിട്ടാതെ വിഷമിക്കുകയാണ്‌ സിബിഎസ്‌ഇ സ്‌കൂളുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 20 ശതമാനത്തോളം വര്‍ദ്ദനവാണ്‌ ഇത്തവണയുണ്ടായത്‌. എന്നാല്‍ ഇത്തവണ സംസ്ഥാന സര്‍ക്കാറിന്റെ പ്ലസ്‌ വണ്‍ അലോട്ട്‌ കഴിഞ്ഞ ശേഷമാണ്‌ സിബിഎസ്‌ഇ സിലബസില്‍ പരീക്ഷ എഴുതിയ പത്താംതരം വിദ്യാര്‍ഥികളുടെ ഫലം വന്നതെന്നത്‌ ഇത്തവണ കൊഴിഞ്ഞ്‌പോക്കിന്റെ എണ്ണം കുറയാന്‍ കാരണമായി.
മെഡിക്കല്‍ എഞ്ചിനീയറിംഗ്‌ ഡിഗ്രി കോഴ്‌സുകള്‍ക്കാണ്‌ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവേശനത്തിന്‌ 50 ശതമാനം മാര്‍ക്ക്‌ വേണമെന്ന നിബന്ധന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്‌. കൂടാതെ ബിഎസ്‌സി നഴ്‌സിംഗ്‌, ബിഎസ്‌സി മെഡിക്കല്‍ ലാബ്‌ ടെക്‌നോളജി, ബിഎസ്‌സി അഗ്രികള്‍ച്ചര്‍ എന്നീ കോഴ്‌സുകള്‍ക്ക്‌ പ്രവേശന പരീക്ഷ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയും സിബിഎസ്‌ഇ സ്‌കൂളുകള്‍ക്ക്‌ തിരിച്ചടിയായി.

കൊഴിഞ്ഞ്‌ പോക്കിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 20 ശതമാനത്തോളം വര്‍ദ്ദനവാണ്‌ ഇത്തവണയുണ്ടായത്‌. എന്നാല്‍ ഇത്തവണ സംസ്ഥാന സര്‍ക്കാറിന്റെ പ്ലസ്‌ വണ്‍ അലോട്ട്‌ കഴിഞ്ഞ ശേഷമാണ്‌ സിബിഎസ്‌ഇ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഫലം പുറത്തുവന്നത്‌. എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയം ലളിതമാക്കിയതും കൊഴിഞ്ഞ്‌പോക്കിന്റെ ആക്കം കൂട്ടി. മാര്‍ക്ക്‌ നല്‍കുന്ന കാര്യത്തില്‍ സിബിഎസ്‌ഇ സ്‌കൂളുകള്‍ ഇപ്പോഴും ലളിതമായ സമീപനം സ്വീകരിച്ചിട്ടില്ല.
കൂടാതെ സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക്‌ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌ പോലെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്ക്‌ ലഭിക്കാറില്ലെന്ന വിവേചനവും ഉണ്ടെന്ന്‌ ഈ രംഗത്തുള്ളവര്‍ പറയുന്നു. അധിക പേരും എസ്‌എസ്‌എല്‍സി പരീക്ഷക്ക്‌ ശേഷമാണ്‌ വിദ്യാര്‍ഥികളെ സിബിഎസ്‌ഇ സ്‌കൂളുകളില്‍ നിന്ന്‌ സംസ്ഥാന സിലബസിലുള്ള പ്ലസ്‌ വണ്ണിലേക്ക്‌ മാറ്റാറുള്ളതെങ്കിലും എസ്‌എസ്‌എല്‍സിയില്‍ ഉന്നത മാര്‍ക്ക്‌ കരസ്ഥമാക്കാന്‍ അതിനുമുമ്പെ വിദ്യാര്‍ഥികളെ സിബിഎസ്‌ഇ സ്‌കൂളുകളിലെ പഠനം നിര്‍ത്തിച്ച ശേഷം ഒമ്പതാം തരത്തിലേക്ക്‌ തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാറുണ്ട്‌.


കടപ്പാട്‌ : ദ ഹിന്ദു പത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ