2010, നവംബർ 21, ഞായറാഴ്‌ച

പ്രൈവറ്റ്‌ വിദ്യാര്‍ഥികളുടെ അധിക വിഷയം

സമരം ഫലം കണ്ടു :
പ്രൈവറ്റ്‌ വിദ്യാര്‍ഥികളുടെ അധിക വിഷയം ഒഴിവാക്കുന്നു.

വണ്ടൂര്‍: പാരലല്‍ കോളേജുകളുടെ വര്‍ഷങ്ങളായുള്ള സമരത്തെ തുടര്‍ന്ന്‌ ബിരുദ തലത്തിലെ അധിക വിഷയം ഒഴിവാക്കാന്‍ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. ഇതോടെ റെഗുലര്‍ കോളേജുകളും പ്രൈവറ്റ്‌ വിദ്യാര്‍ഥികളും തമ്മിലുള്ള വിവേചനത്തിന്റെ അന്തരം കുറയുമെന്ന്‌ പാരലല്‍ കോളേജ്‌ സംസ്ഥാന സെക്രട്ടറി കെ പ്രഭാകരന്‍ മാസ്റ്റര്‍ പറഞ്ഞു. റെഗുലര്‍ കോളേജുകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ബിരുദ തലത്തില്‍ അധികപേപ്പര്‍ എഴുതണമെന്നതായിരുന്നു പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ നേരിട്ടിരുന്ന പ്രധാന വിവേചനങ്ങളിലൊന്ന്‌. റെഗുലര്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക്‌ 120 മാര്‍ക്ക്‌ ഇന്റേണല്‍ അസസ്‌മെന്റായി ലഭിക്കുമ്പോള്‍ ഈ 120 മാര്‍ക്കിന്‌ തത്തുല്യമായി അധിക വിഷയം പഠിച്ച്‌ പരീക്ഷ എഴുതുന്ന രീതിയാണ്‌ നിലവിലുണ്ടായിരുന്നത്‌. എന്നാല്‍ മാനവിക വിഷയങ്ങളില്‍ എത്ര എഴുതിയാലും മുഴുവന്‍ മാര്‍ക്ക്‌ നല്‍കുന്ന രീതി നിലവിലില്ലാത്തതിനാല്‍ പ്രൈവറ്റ്‌ വിദ്യാര്‍ഥികള്‍ക്ക്‌ റെഗുലര്‍ വിദ്യാര്‍ഥികളോടൊപ്പമെത്താന്‍ സാധിച്ചിരുന്നില്ല.
2002 മുതല്‍ക്കാണ്‌ കോഴിക്കോട്‌ സര്‍വകലാശാല റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഇന്റേണല്‍ മാര്‍ക്കും, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിച്ച്‌ സര്‍വകലാശാലക്കു കീഴില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക്‌ അധിക വിഷയവും ഉള്‍പ്പെടുത്തികൊണ്ടുള്ള പരിഷ്‌ക്കരണം വന്നത്‌. വിദ്യാര്‍ഥികളുടെ പഠന പ്രൊജക്ടുകള്‍ക്കും മറ്റും മാര്‍ക്ക്‌ നല്‍കുന്ന ഈ രീതി ഒരു പരിധിവരെ അധ്യാപകരുടെ ആത്മനിഷ്‌ഠക്ക്‌ കാരണമാണെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. കോഴിക്കോട്‌ സര്‍വകലാശാലക്കു കീഴില്‍ ഇന്റേണല്‍ മാര്‍ക്ക്‌്‌ ഏര്‍പ്പെടുത്തിയതിന്‌ ശേഷമാണ്‌ പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ റാങ്ക്‌ ലഭിക്കാതെ വന്നത്‌.
ഇതു സംബന്ധിച്ച്‌ "സിറാജ്‌ " നേരത്തെ വാര്‍ത്താ പരംബര പ്രസിദ്ധീകരിച്ചിരുന്നു.
ഈ വിവേചനത്തിനെതിരെ പാരലല്‍ കോളേജ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നിരവധി പരാതികളും, നിവേദനങ്ങളും സമര്‍പ്പിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. പാരലല്‍ കോളേജ്‌ വിദ്യാര്‍ഥികളോടുള്ള വിവേചനത്തിനെതിരെ കഴിഞ്ഞ ആഴ്‌ച നാലായിരത്തോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച്‌ സര്‍വകലാശാല കാര്യാലയത്തില്‍ ധര്‍ണ്ണ നടത്തിയിരുന്നു. തുടര്‍ന്ന്‌ പാരലല്‍ കോളേജ്‌ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളും, സര്‍വകലാശാല അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്‌ അടുത്ത അധ്യയന വര്‍ഷം മുതല്‍ ബിരുദതലത്തിലെ അധിക വിഷയം ഒഴിവാക്കാന്‍ തീരുമാനമായത്‌. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തെ അവസാന പരീക്ഷയില്‍ അധിക വിഷയത്തിലെ പരീക്ഷാ രീതി ഒഎംആര്‍ രീതിയിലുള്ള ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ രീതിയിലാക്കാനുമാണ്‌ പുതിയ തീരുമാനം. പുതിയ തീരുമാനം വളരെയധികം ഉപകാരം ചെയ്യുമെന്ന്‌ ഈ രംഗത്തെ അധ്യാപകരും, വിദ്യാര്‍ഥികളും പറയുന്നു. ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ രീതിയിലുള്ള പരീക്ഷ നടത്തുന്നതിന്റെ ഭാഗമായി ഒരു മാസത്തിനകം 500 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യബാങ്ക്‌ സര്‍വകലാശാലയുടെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ചോദ്യങ്ങളില്‍ നിന്നും 120 മാര്‍ക്കിനാണ്‌ അവസാന വര്‍ഷ ബിരുദപരീക്ഷക്കായി പരിഗണിക്കുക. അതെ സമയം അടുത്ത അധ്യയന വര്‍ഷം മുതല്‍ അസൈന്‍മെന്റും, പഠന പ്രൊജക്ടുകളും ഉള്‍പ്പെടുത്താനാണ്‌ തീരുമാനം . ഇത്‌ ഒരു പരിധിവരെ റെഗുലര്‍ വിദ്യാര്‍ഥികളോടൊപ്പമെത്താന്‍ സഹായിക്കുന്നതാണെന്ന്‌ പാരലല്‍ കോളേജ്‌ അസോസിയേഷന്‍ ഭരവാഹികള്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ